നീണ്ട 8 വർഷത്തെ കോളേജ് ജീവിതത്തിൽ, ഞാൻ പങ്കെടുത്ത ആദ്യത്തേയും അവസാനത്തെയും ഓണാഘോഷമായിരുന്നു ഈ തവണത്തെ ഓണാഘോഷം, അതും ഹൃദയഭൂമിയായ താബോറിൽ.
സാധാരണ വിദ്യാത്ഥികൾക്കാണ് ഓണപരിപാടി നടത്താൻ ശുഷ്കാന്തി, ഇവിടെ അദ്ധ്യാപകർ ആണ് അതിനു മുൻപിൽ എന്നത് ഏറെ വ്യത്യസ്തമാണ്❤. കഴിഞ്ഞവർഷത്തെ ഓണം വെള്ളത്തിൽ ആയതിനാൽ താബോറിലെ ഓണവും വെള്ളത്തോടൊപ്പം ഒലിച്ചുപോയി. അന്ന് മുണ്ട് ഉടുക്കേണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു( ഉടുക്കുമ്പോൾ അഴിഞ്ഞു വീഴുമോ എന്ന ഭയം കൊണ്ടാണേ😝).. ചിലവുചുരുക്കി, മാറ്റുകൂട്ടി ഓണാഘോഷവും അദ്ധ്യാപകദിനവും ഫ്രഷേഴ്സ് ഡേയും നടത്തുവാൻ റോസമ്മ ടീച്ചർ അനുവാദം തന്നു. ആറാം തീയ്യതി ആയിരുന്നു സദ്യയോട് കൂടിയ ഓണാഘോഷം നടത്താൻ നിശ്ചയിച്ചിരുന്നത്.. എന്നാൽ നാലാം തീയ്യതി ഉച്ച ഉച്ചര ഉച്ചേമുക്കാൽ ആയപ്പോളാണ് ജോർജ് സാർ പറയുന്നത് നാളെ തന്നെ നടത്തണം എന്ന്. അങ്ങനെ വീട്ടിൽ വൈകിട്ട് വന്ന് മുണ്ട് തപ്പൽ ആയിരുന്നു.. കണ്ണാടിയുടെ മുൻപിൽ ഒരു മണിക്കൂർ നീണ്ട ഫാഷൻ ഷോയ്ക്കു ഒടുവിൽ തട്ടി കൂട്ടി ഉടുക്കാൻ പഠിച്ചു.രാവിലെ കെട്ടി എഴുന്നള്ളി എങ്ങനെയൊക്കെയോ അങ്ങ് എത്തി. ആദ്യമൊക്കെ മടക്കി കുത്താൻ ഭൂമിയോളം കുനിയേണ്ടി വന്നു...പിന്നീടു അങ്ങ് വിനയം എന്നിൽ നിന്ന് കവിഞ്ഞൊഴുകുകയായിരുന്നു (അഴിഞ്ഞ് പോകുന്ന മുണ്ടിനെ പിടിച്ച് നിർത്താനുള്ള സൈക്കോളജിക്കൽ അപ്പ്രോച്ച്😉).. രാവിലെ ടീച്ചേർസ് ഡേ സെലിബ്രേഷനും ഉച്ച തിരിഞ്ഞ് ഓണസദ്യയോട് കൂടി ഓണക്കളികളും നടത്തി... ഓണാഘോഷം പൊടിപൊടിച്ചു എന്നതിൽ രണ്ടു തരമില്ല...180 പെൺപിള്ളേരുടെ നടുവിൽ കേവലം ഞങ്ങൾ 10 ആൺപിള്ളാർ കുറച്ചൊക്കെ കാണികളായി എന്നത് നഗ്നമായ സത്യം.
ഈ വർഷത്തെ വടംവലിയായിരുന്നു ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിയത്... തീരെ താൽപര്യം ഇല്ലാതിരുന്ന രണ്ടാംവർഷ വിദ്യാർത്ഥിനികൾ കപ്പ് വലിച്ചിങ്ങെടുത്തു എന്നുവേണം പറയാൻ.... താബോറിലെ സന്തോഷദിനങ്ങൾ ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം.. മൂവർ സംഘത്തിന്റെ തിമിർപ്പ് അവസാനിക്കുമെങ്കിലും ഓർമ്മയിൽ സൂക്ഷിക്കുവാൻ ഒരു കോടി ഓർമ്മകൾ ഉണ്ടെന്നത് മനസ്സിനെ കുളിരണിയിപ്പിക്കുന്നു...
സീയോൻ സെമിനാരിയിൽ നിന്നും ആൽവിൻ ഈശോ
No comments:
Post a Comment